ചാത്തന്നൂര്: ദേശീയപാതയില് അര്ധരാത്രിയുണ്ടായ വാഹനാപകടത്തില് സുഹൃത്തുക്കളായ രണ്ട് ബൈക്ക് യാത്രികര് മരിച്ചു. വേളമാനൂര് പകല്കുറി ആയിരവില്ലി ക്ഷേത്രത്തിനു സമീപം കിഴക്കുംകര പുത്തന് വീട്ടില് മോഹനന് ഉണ്ണിത്താന്റെയും വൃന്ദയുടെയും മകന് ഹരികൃഷ്ണന് ഉണ്ണിത്താന് (26), സിബിന് വിലാസത്തില് സാബുവിന്റെയും സിനിയുടെയും മകന് ബിബിന് ബാബു(25) എന്നിവരാണ് മരിച്ചത്.
കാരംകോട് സഹകരണ സ്പിന്നിംഗ് മില്ലിനു സമീപം ശനിയാഴ്ച രാത്രി 12.30 ഓടെയായിരുന്നു അപകടം. സ്പിന്നിംഗ് മില്ലിനു എതിര്വശത്തുള്ള കൊല്ലം ഭാഗത്തേയ്ക്കുള്ള സര്വീസ് റോഡില് നിന്നും ആറുവരി പാതയിലേയ്ക്ക് ബൈക്ക് കടന്നപ്പോള് എതിര് ദിശയില്നിന്നു വന്ന കാര് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേയ്ക്ക് പോവുകയായിരുന്നു കാർ. നിസാരപരിക്കുകളേറ്റ കാര് യാത്രക്കാരെ കൊട്ടിയത്തെ സ്വകാര്യാശുപത്രിയില് പ്രവേശിപ്പിച്ചു.
വയനാട്ടിൽ സോളാര് കമ്പിനിയിലെ ജീവനക്കാരനാണ് ഹരികൃഷ്ണന്. വെള്ളിയാഴ്ചയായിരുന്നു നാട്ടിലെത്തിയത്. സഹോദരിമാര്: സുജിത്ര,രേഷ്മ. കര്ണാടകയില് ഫിസിയോ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന ബിബിനും വെള്ളിയാഴ്ചയായിരുന്നു നാട്ടിലെത്തിയത്. സഹോദരന്: പരേതനായ സിബിന്. അപകടത്തിൽ ചാത്തന്നൂര് പൊലിസ് കേസെസടുത്തു.